തൊണ്ണൂറുകള്‍ക്ക് ശേഷം ഇരുന്നെണീക്കുന്നത്ര വേഗത്തില്‍ പരിണമിച്ച മലയാളകവിത വൈകാരികതകളെ ശസ്ത്രക്രിയ ചെയ്യുന്നതിലൂടെയാണ് പുതിയ ഭാവുകത്വവ്യതിയാനത്തെ രേഖ പ്പെടുത്തിയത്. പതം വരുത്തിപ്പറഞ്ഞ പദ്യത്തില്‍ നിന്നും ഗതാനുഗതമായി വളര്‍ന്ന ഗദ്യം സൂക്ഷ്മാര്‍ത്ഥത്തില്‍ കവിതയുടെ അന്തര്‍ഗതങ്ങളെ രാഷ്ട്രീയമായി പുനര്‍നിര്‍വ്വചിക്കുകയായിരുന്നു. രൂപവും ഉള്ളടക്കവും ഒരേ അനുപാതത്തില്‍ പുതിയ കവിതയുടെ നയരേഖകളില്‍ ബലപ്പെട്ട മൂലകങ്ങളായി. തീവ്രവികാരത്തെ വിവര്‍ത്തനം ചെയ്ത ആധുനികതയെ പുതുമുറക്കാര്‍ ഉപേക്ഷി ച്ചത് അത്ര ഭ്രമാത്മകമല്ല തങ്ങളുടെ കാലം എന്ന തിരിച്ചറിവില്‍ നിന്നാവാം. അതുകൊണ്ടാണ് വലിയ ഒച്ചകളെ ഭയക്കുന്ന, ചെറിയ ഇനം ഒച്ചകളിലേക്കും ചെറിയ കാഴ്ചകളിലേക്കും ശ്രദ്ധ തിരിക്കുന്ന ഒരാള്‍ക്കണ്ണാടി പുതുകവിതയില്‍ കാണുന്നത്. 'എന്നുടെ ഒച്ച വേറിട്ടു കേള്‍ക്കല്‍ മാത്രമല്ല,കേട്ടുവോ പുന്നെല്ലു വിണ്ടുണരുന്നതിന്റെ ഒച്ച' എന്നും പുതിയ കവി ചോദിക്കുന്നു.
'നിലം പറ്റി
ചുറ്റും വളര്‍ന്ന
വന്‍ മരങ്ങളെയോര്‍ത്ത്
ദുഃഖമില്ലാതെ
മണ്ണ് വിട്ടകലാതെ
നിലപ്പനയ്ക്കെന്നും
അതു മാത്രമായാല്‍ മതി'
(നിലപ്പന/ ബിജോയ് ചന്ദ്രന്‍)
പനയാവാനല്ല വളരുന്നത്. നിലപ്പനയാവല്‍ തന്നെയാണ് നിലപ്പനയുടെ ഉണ്മ എന്നു പുതുകവിതയുടെ നിയോഗത്തെയും കവി എഴുതുന്നു. മൂല്യങ്ങള്‍ക്ക് അടിപതറിയ അതിയാഥാര്‍ത്ഥ്യത്തിന്റെ കാലത്തെ ആഖ്യാനം ചെയ്യാന്‍ കവിത സ്വാഭാവികമായും പരുവപ്പെടുന്നതിന്റെ സൂചനകള്‍ കൂടിയാണ് വരി മുറിച്ചെഴുതുന്ന, വസ്തുസ്ഥിതികഥനമാകുന്ന പുതിയ എഴുത്ത്. ചേറിയെടുത്ത വാക്കിന്റെ ഈ നാഴിയുരിയില്‍ വികാരത്തിന്റെ വേലിയേറ്റങ്ങളില്ല. 'ഹാ ജീവിതമേ' എന്ന ആത്മരതിയില്ല. എന്താവാം കവിതയിലെ ഈ സൂക്ഷ്മസ്വരത്തിന്റെ രാഷ്ട്രീയം? ഈ വികേന്ദ്രീകൃത ഭാവനയുടെ പൊരുള്‍ ?
ബിജോയ് ചന്ദ്രന്‍ |
സമകാലികമായിരിക്കുക എന്നത് കവിതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നയമായി മാറുന്നത് ആ മാധ്യമം ആവശ്യപ്പെടുന്ന ഒരു സാംസ്കാരികധര്‍മ്മത്തിനു(cultural function) അനുരൂപമായാണ്. എഴുതപ്പെട്ട അര്‍ത്ഥവ്യാപാരങ്ങളില്‍ നിന്ന് വിടുതി നേടാന്‍ ആഗ്രഹിക്കുക യും കാലികമായി ഭാഷയെ പുനഃക്രമീകരിക്കയും ചെയ്യേണ്ടത് അതിനാല്‍ത്തന്നെ കവിത ഏറ്റെടുത്ത ഒരു വിമലീകരണപ്രക്രിയ ആയിക്കരുതാവുന്നതാണ്.
'ഓരോ കല്ലിനകത്തും മനുഷ്യരുടെ ഒരു കാടുണ്ട്
ചരിത്രത്തില്‍ നിന്നും ഓടുന്നവര്‍ പിന്നെ
കല്ലുകളില്‍ കയറിയിരിക്കുന്നു.
.......................................................
കല്ലിനുള്ളില്‍ അകപ്പെട്ട ശില്പി എന്തു ചെയ്യും?
കല്ലില്‍ ചെവിചേര്‍ക്കൂ,കേള്‍ക്കാം
അയാള്‍ പുറത്തേക്ക് കൊത്തുന്ന ഒച്ച'
അകത്തേക്ക് കേള്‍ക്കുന്ന ഒച്ചകള്‍ മാത്രമല്ല പുതിയ കവിക്ക് ഭാഷ. അനുഭവങ്ങളുടെ ചര്‍വ്വിതചര്‍വ്വാണമാണ് സാഹിത്യം എന്നു വരുമ്പോള്‍ പോലും കവി ഭാഷയില്‍ തന്റേതായ പരിപ്രേക്ഷ്യങ്ങള്‍ (perspective) കൊണ്ടുവരുന്നു. അതില്‍ സമൂഹഭാവനയുടെ തീര്‍പ്പുകള്‍ ഉണ്ട്. വസ്തുവല്‍ക്കരിക്കപ്പെട്ട കാഴ്ച്ചകളുടെയും കേള്‍വിയുടെയും കൊളഷ് ആയി അതു അവതരിപ്പിക്കപ്പെടാം.
'നീ പനിച്ചൂട് പകരുന്നത് പോല്‍
പറ്റിപ്പിടിക്കും പോല്‍
മൂടല്‍ മഞ്ഞാകും പോല്‍
അസ്വസ്ഥനാകും പോല്‍
ഇടയ്ക്കിടയ്ക്ക്
മരിച്ചു പോകും പോല്‍
പകരുമോ നിന്റെ സുന്ദരന്‍ രോഗാണു?'
(ഡ്രാക്കുള/ അരുണ്‍ പ്രസാദ്)
എന്ന് ചെകുത്താന്റെ സ്നേഹത്തിനു വേണ്ടിയും കവിതയില്‍ പ്രതിഭാവന മുഖം നോക്കുന്നു. രോഗാണു ഭീഭത്സമല്ല, സുന്ദരമായ ഒരനുഭവമാണിവിടെ. തീവ്രവികാരങ്ങള്‍ ഘോഷയാത്ര നടത്തിയ കാലത്തെ ഡ്രാക്കുളയല്ല പുതിയ ഡ്രാക്കുള.വിപരീതങ്ങള്‍ ഇവിടെ സമഭാവനയാവുന്നു. ഇതു കവിതയുടെ പുതുമുറ കൊണ്ടുവരുന്ന തിരിച്ചിടല്‍ (twist) ആണ്. വിസമ്മതങ്ങളാണ് ഇവര്‍ക്ക് സ്വീകാര്യം . ഊതിയുണര്‍ത്തിയ ഗൃഹാതുരതകളെ ഒറ്റയടിക്ക് നാടുകടത്തുകയും നഗരഗോത്രങ്ങളുടെ വിളറിയ വെളിച്ചം പകരം വെയ്ക്കുകയും ചെയ്യുന്ന ഒരു എഴുത്താള്‍ കവിതയുടെ ഏറ്റവും ചെറുപ്പത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഉദരനിമിത്തം പോലെ പ്രധാനമാണവര്‍ക്ക് കാലത്തിന്റെ പുതിയ ത്വരകളും. മാളുകളിലോ പാര്‍ക്കുകളിലോ ഇരുന്ന് ചൂയിംഗം ചവക്കുന്നവനും കവിതയുണ്ട്, സബ് വേകളില്‍ കപ്പലണ്ടി വില്‍ക്കുന്നവനും ബൈനോക്കുലറില്‍ അടുത്ത ഫ്ലാറ്റിലെ രഹസ്യം കാണുന്നവനും വീടിറങ്ങി കോളേജിലെത്താത്ത പെണ്‍കുട്ടികള്‍ക്കും കവിതയുണ്ട്.
സ്വത്വപ്രകാശനങ്ങള്‍ക്ക് മുന്‍പത്തേക്കാള്‍ വിപുലമായ സാധ്യതകള്‍ ഉള്ളതു കൊണ്ടു കൂടിയാണ് കവിതയില്‍ ആവിഷ്കാരവ്യതിയാനങ്ങള്‍ ദിനം പ്രതിയെന്നോണം നടക്കുന്നത്. ഈ സ്വാത്രന്ത്രേച്ഛയുടെ വിത്താണ് പുതുകവിത മുളപ്പിക്കുന്നത്. കവിതയോട് പുലര്‍ത്തിപ്പോന്ന കരുതല്‍ വരും കാലം അപനിര്‍മ്മിച്ചുകൊണ്ടിരിക്കുകയും ചെയ്യും. രൂപം തന്നെ ഉള്ളടക്കമാവുന്ന പുതുകവിതയുടെ ജനുസ്സിനെ, മാധ്യമസാമ്രാജ്യത്വകാലത്തെ കലയുടെ പ്രതിരോധമാര്‍ഗമായി വായിച്ചുതുടങ്ങേണ്ട കാലവും സമാഗതമായി.
This comment has been removed by a blog administrator.
ReplyDeleteമൂന്ന് കവിതകളും
ReplyDeleteവേറിട്ട കവിതാ വഴിയിലൂടെ
പുതുകവിതയെ അടയാളപ്പെടുത്തുന്നു